Karimkunnam Live
Flash News

Blog

രാഷ്ട്രീയ പാർട്ടികളുടേയും അവകാശ വാദങ്ങൾ കേൾക്കുമ്പോൾ കുട്ടിക്കാലത്തെ എന്റെ മിഠായിക്കച്ചവ

May 07, 2016, 20:23 PM IST

img-717711.jpg

 
പണ്ട് സ്കൂൾ വിദ്യാർത്ഥിയായിരിക്കേ മധ്യവേനലവധിക്കാലത്ത് ഞാൻ മിഠായി കച്ചവടം നടത്തുമായിരുന്നു. അയൽക്കാരനായ എന്റെ സഹപാഠി മിഠായി കടം വാങ്ങും. പണത്തിന് പകരം എന്റെ പുരയിടത്തിലെ പറങ്കിമാവിൽ കയറി കശുവണ്ടി പറിച്ചെടുത്ത് എന്റെ കയ്യിൽത്തന്ന് കടം വീട്ടും. തിരിച്ചു പോകും വഴി അവൻ വീണ്ടും ഓർമ്മിപ്പിക്കും; " ഞാൻ എല്ലാ കടവും തീർത്തിട്ടുണ്ടേ, ഇനി നമ്മൾ തമ്മിൽ കടമില്ലേ .." എന്ന്. ഒത്തിരി മുതിർന്ന ശേഷമാണ് അവന്റെ വക്രബുദ്ധി എനിക്ക് പിടികിട്ടിയത്. എന്റെ കയ്യിൽ നിന്നും മിഠായി വാങ്ങിത്തിന്ന ശേഷം എന്റെ തന്നെ പുരയിടത്തിലെ കശുമാവിൽ നിന്നും കശുവണ്ടി പറിച്ചു തന്ന് കടം വീട്ടിയപ്പോൾ ആർക്കായിരുന്നു ലാഭം? നഷ്ടം?
ഒന്നാലോചിച്ചാൽ അവന് ഞാൻ മിഠായി സൗജന്യമായി കൊടുക്കുകയായിരുന്നില്ലേ? ആത്യന്തികമായ നഷ്ടം എനിക്കായിരുന്നില്ലേ?.....
 
തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടേയും രാഷ്ട്രീയ പാർട്ടികളുടേയും അവകാശ വാദങ്ങൾ കേൾക്കുമ്പോൾ കുട്ടിക്കാലത്തെ എന്റെ മിഠായിക്കച്ചവടമാണ് എനിക്ക് ഓർമ്മ വരുന്നത്.
 
നമ്മൾ കഷ്ടപ്പെട്ട് ജോലി ചെയ്ത് പണം സമ്പാദിക്കുന്നു. ആ പണത്തിൽ നിന്നും ഒരു വിഹിതം സോപ്പിനും ചീപ്പിനും അരിക്കും മുളകിനും എന്നു വേണ്ട, തൊടുന്നതിനുമൊക്കെ നികുതിയായി നമ്മൾ രാജ്യത്തിന് കൊടുക്കുന്നു. ഈ നികുതിയാണ് രാജ്യത്തിന്റെ മുഖ്യ വരുമാനവും സമ്പത്തും. ഈ തുക രാജ്യം എന്തു ചെയ്യുന്നു? എം.പിമാർ, എം.എൽ.എമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണ സമിതി അംഗങ്ങൾ, വിവിധ സർക്കാർ ഏജൻസികൾ എന്നിവർ മുഖേന നാട്ടിൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാനായി നൽകുന്നു. ഈ തുകയെടുത്ത് നാട്ടിൽ പാലം കെട്ടുന്നു, റോഡ് പണിയുന്നു.....!!
 
തിരഞ്ഞെടുപ്പ് വരുമ്പോൾ സ്ഥാനാർത്ഥികളുടേയും രാഷ്ട്രീയ പാർട്ടികളുടേയും   അവകാശവാദങ്ങൾ വരവായി.' ഞങ്ങൾ പാലം കെട്ടി, ഞങ്ങൾ റോഡ് പണിതു...'.
ആവേശം മൂത്ത് നമ്മൾ കൈയടിക്കുന്നു, നേതാവിന് ജയ് വിളിച്ച് ആകാശത്തിലേയ്ക്ക് മുഷ്ടി എറിയുന്നു.
 
ഇനി പഴയ മിഠായിക്കച്ചവടത്തിലേയ്ക്ക് വരാം. സത്യത്തിൽ എന്താണ് സംഭവിക്കുന്നത്? എന്റെ പറങ്കിമാവിലെ കശുവണ്ടി കൊണ്ട് എനിക്കുള്ള കടം തീർക്കുന്ന പോലെ, നമ്മുടെ പണമെടുത്ത് പാലവും റോഡും പണിഞ്ഞ ശേഷം നമുക്കെന്തോ ഔദാര്യം ചെയ്തു തന്ന പോലെയുള്ള അവകാശവാദം.
ഇതാണ് പൊതുജനമെന്ന ബഹുഭൂരിപക്ഷത്തെ രാഷ്ട്രീയക്കാരെന്ന ന്യൂനപക്ഷം വിഢികളാക്കുന്ന ഇന്ദ്രജാലം..!
പൊതുജനം കഴുകതകളെന്ന് വിളിക്കപ്പെടുന്നതിന്റെ ഗുട്ടൻസ് ഇപ്പോ പിടികിട്ടിയോ?
 
 
വികസന പ്രവർത്തനങ്ങൾ ആരുടേയും ഔദാര്യമല്ല. നമ്മുടെ അവകാശമാണ്. ആരുടേയും സ്ത്രീധന പ്പണം കൊണ്ടല്ല അവ ചെയ്യുന്നത്. നമ്മൾ വിയർപ്പൊഴുക്കിയുണ്ടാക്കുന്ന പണത്തിന്റെ വിഹിതം കൊണ്ടാണ്. ഇനി ഈ വികസനങ്ങളൊക്കെ പൂർത്തിയാക്കാൻ വേണ്ടി സർക്കാർ പണം കടമെടുത്താലോ? ആ കടം തീർക്കേണ്ട ബാധ്യതയും പൊതുജനങ്ങളായ ഈ നമ്മൾക്ക് തന്നെ.
 
ആവേശം മൂത്ത് നേതാക്കന്മാർക്ക് ജയ് വിളിക്കും മുൻപ് ഒന്നാലോചിക്കുക, എത്ര കാലമായി ഇവർ നമ്മളെ വിഢികളാക്കുന്നു? പലയിടത്തും പാലം കെട്ടീട്ട് ബോർഡ് വച്ചിരിക്കുന്നത് കണ്ടിട്ടില്ലേ, ' എം.എൽ.എയുടെ ' പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചത് ' എന്ന്. എന്നു വച്ചാൽ പാലം ഉണ്ടാക്കാനുള്ള പണം എം.എൽ.എയുടെ ഭാര്യാപിതാവ് സമ്മാനിച്ചതാണോ? നമ്മുടെ പണമാണത്. നമ്മൾ നികുതിയായി നൽകിയ പണം. 'പൊതുജനത്തിന്റെ പ്രാദേശിക വികസന ഫണ്ട് ' എന്നല്ലേ യഥാർത്ഥത്തിൽ ബോർഡ് വയ്ക്കേണ്ടത്?
 
ഇനി തല ഉയർത്തിപ്പിടിക്കൂ .. വോട്ട് ചെയ്ത് ജയിപ്പിക്കുന്നത് നമ്മളെ ഭരിക്കാനല്ല, അനുസരിക്കാനാണ് എന്ന സത്യം മനസ്സിലാക്കൂ....! നമ്മുടെ മനസിൽ നിന്നും വിധേയത്വ മനോഭാവം മാറട്ടെ, മറിച്ച് അന്തസ്സും ആഭിജാത്യവും വളരട്ടെ. ഏതെങ്കിലും മുന്നണിക്കാരെയല്ല നമുക്ക് വേണ്ടത്? മറിച്ച് നമ്മുടെ പണം നമുക്കായി വൈദഗ്ധ്യത്തോടെ ചിലവഴിക്കാൻ പ്രാപ്തിയും കഴിവുമുള്ള മിടുക്കൻമാരെയാണ്. ..
 
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED