Karimkunnam Live
Flash News

EDITORS CHOICE

മടിയിൽ കനമില്ലാത്തവനെന്തിനു വഴിയിൽ ഭയക്കണം .

Dec 22, 2016, 22:58 PM IST

img-533294.jpg

കോതമംഗലം - നവംബർ 8ന്റെ  നോട്ടു നിരോധനത്തിന് ശേഷം സഹകരണ മേഖലയെ തകർക്കുന്നു എന്ന പേരിൽ വ്യാപകമായ പ്രചാരണങ്ങൾ ഉണ്ട് . രാപ്പകൽ സമരം നടത്തിയതിനു ശേഷം ഇപ്പോൾ സഹകരണ സംരക്ഷണ കാമ്പയിൻ നടന്നു വരുന്നു. അസാധു നോട്ടു മാറി നല്കാൻ സഹകരണ സ്ഥാപനങ്ങളെ അനുവദിക്കാത്തതിന്റെ  പേരിൽ സഹകരണ സ്ഥാപനങ്ങളെ തകർക്കാൻ കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നു എന്ന പേരിലാണ് ഇപ്പോളത്തെ പ്രചാരണം. എന്നാൽ സുപ്രീം കോടതി പോലും അതിനു അംഗീകാരം നൽകിയില്ലെന്ന കാര്യം മറച്ചു വെക്കുന്നു.
 
          സത്യത്തിൽ ആരാണ് കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെ തകർക്കുന്നത്  ,  കേരളത്തിൽ വിശിഷ്യാ ഗ്രാമ ഗ്രാമാന്തരങ്ങളിൽ ഏതെങ്കിലും വിധത്തിൽ സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെടാത്തവർ വിരളമാണ് , സ്ഥലം വാങ്ങാൻ, വീട് വാങ്ങാൻ , വീട്ടുപകരണങ്ങൾ വാങ്ങാൻ ,വിവാഹാവശ്യം, പഠനാവശ്യം, ചികിത്സാവശ്യം ,സ്വയം തൊഴിൽ ,കൃഷി,അങ്ങിനെ നിരവധി കാര്യങ്ങൾക്കു സഹകരണ സ്ഥാപനങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഒരു കുർടുംബത്തിൽ ഒരാളെങ്കിലും സഹകരണ സ്ഥാപനങ്ങളെ ആശ്രയിച്ചു വരുന്നു ,ഒരു അത്യാവശ്യത്തിനു രണ്ടാൾ ജാമ്യത്തിൽ ഇത്രവേഗം ലോൺ  ലഭിക്കുന്ന മറ്റൊരു സ്ഥാപനവുമില്ല , കൊമേർഷ്യൽ ബാങ്കുകളെ അപേക്ഷിച്ചു പലിശ കൂടുതലാണെങ്കിലും സ്വകാര്യ ബ്ലേഡ് കാരേക്കാൾ നൂറു ഭേദം, കേരളത്തിലെ ഗ്രാമങ്ങളിൽ വട്ടി പലിശക്കാരുടെ കടന്നു കയറ്റം ചെറുക്കാൻ സഹകരണ സ്ഥാപങ്ങൾ വഴി ഒരു പരിധി വരെ കഴിഞ്ഞിട്ടുണ്ട് ,സഹകരണ സ്ഥാപനങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും ലക്ഷങ്ങൾ ജോലി ചെയ്യുന്നു ,കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾ ചെയ്തിട്ടുള്ള നല്ല കാര്യങ്ങളൊക്കെ അനുസ്മരിച്ചു കൊണ്ട് തന്നെ ചില കാര്യങ്ങൾ സൂചിപ്പിക്കട്ടെ.
 
        ഇപ്പോൾ കേരളത്തിലെ പ്രധാന രാഷ്ട്രീയ പാർട്ടികൾ മധ്യ പൂർവേഷ്യയിൽ ഇസ്ലാമിക സ്റ്റേറ്റുകാർ സാധാരണ ജനങ്ങളെ ഉപയോഗിച്ച് മനുഷ്യ മറ സ്രഷ്ടിക്കുന്ന പോലെയാണ്  കേരളത്തിലെ പാവങ്ങളായ സഹകരണ സ്ഥാപനത്തിലെ നിക്ഷേപകരെ ഉപയോഗിച്ച് രണ്ടു മുന്നണികളും ചെയ്യുന്നത് , അവരുടെ പണം നഷ്ടപ്പെടാൻ പോകുന്നു എന്ന ഭീതി ജനിപ്പിച്ചു പാവപ്പെട്ട ജങ്ങളെ മുന്നിൽ നിർത്തി കള്ളപ്പണക്കാരെ സംരക്ഷിക്കുന്നു. കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിൽ നിക്ഷേപിച്ചിട്ടുള്ളവരുടെ ചില്ലിക്കാശ് പോലും പോകില്ലെന്ന് മുഖ്യമന്ത്രിയും , ധന കാര്യമന്ത്രിയും പറഞ്ഞിട്ടും എന്തിനാണീ സമര കോലാഹലങ്ങൾ, മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും പറഞ്ഞില്ലെങ്കിലും ഒരു സഹകാരിയുടെയും നിയമപ്രകാരം നികുതി വിധേയമായാ ഒരു രൂപയുടെനിക്ഷേപം പോലും നഷ്ടപ്പെടാൻ പോകുന്നില്ല, സഹകരണ സ്ഥാപനത്തിലെ നിക്ഷേപത്തിന് സർക്കാർ ഗ്യാരന്റി ഉള്ളതാണ്, എന്നാൽ നികുതി വിധേയമല്ലാത്ത ഒരു രൂപയെങ്കിലും നഷ്ടപ്പെടില്ലെന്നുറപ്പ് പറയാൻ ഇവർക്ക് കഴിയുമോ , സഹകരണ സ്ഥാപനത്തിൽ നിക്ഷേപിച്ചിട്ടുള്ള പത്തു ലക്ഷം വരെയുള്ള തുകക്ക് എന്തായാലും സ്രോതസ് കാണിക്കാൻ ആർക്കും അധികം പാട് വരില്ലെന്നറിയാമെന്നിരിക്കെ എന്തിനാണീ പുകമറ സ്രഷ്ട്ടിക്കുന്നതു , ആരെ സംരക്ഷിക്കാൻ ?. 
 
        ഇത്രയും വലിയ കോലാഹലമുണ്ടായിട്ടും കേരളത്തിലെ ഒരു സഹകരണ സ്ഥാപനവും ഞങ്ങളുടെ സ്ഥാപനത്തിലെ നിക്ഷേപകരുടെ വിവരങ്ങൾ  വെളിയിൽ വിടാൻ തയ്യാറാകാത്തത് എന്ത് കൊണ്ട് .ഇതിനു മുൻപ് പലവട്ടം ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടും വിവരങ്ങൾ നല്കാൻ മടിക്കുന്നതെന്തിന് ,കെ വൈ സി (Known Your Customer) മാനദണ്ഡമാക്കാൻ എന്തെ മടിക്കുന്നു ,ആദായനികുതി വകുപ്പ് റെയ്ഡിന് വരുമ്പോൾ പ്രാദേശിക പ്രവർത്തകരും ചുമട്ടു തൊഴിലാളികളും കൂടി തടയുന്നതെന്തിന് ,അപ്പോൾ എന്തൊക്കെയോ മറക്കാനില്ലേ ,ആത്മാര്ഥതയുണ്ടെങ്കിൽ സത്യസന്ധമായ രീതിയിലൊരു സർവ്വേ നടത്തൂ 70ശതമാനം വരുന്ന സഹകാരികളും വിവരങ്ങൾ കൊടുക്കാൻ സമ്മതിക്കും. സഹകരണ സ്ഥാപനത്തിന്റെ ആദായത്തെ മാത്രം നികുതിവിമുക്തമാക്കിയിട്ടുള്ള കാര്യം മറച്ചു വെച്ചല്ലെ  ഈ ഗീർവാണങ്ങളെല്ലാം. ഓരോ സഹകരണ സ്ഥാപനത്തിനും സെർവിസ് ഏരിയ ഉണ്ടായിട്ടും അത് പാലിക്കാത്ത എത്രയോ ഉദാഹരണങ്ങളുണ്ട്. പിന്നെ നിങ്ങളുടെ മറ്റൊരു വാദം സഹകരണ വകുപ്പിന്റെ ഓഡിറ്റ് നടക്കുന്നു എന്നാണല്ലോ, ജീവനിൽ കൊതിയുള്ള, വാങ്ങിക്കുന്ന ശമ്പളത്തോടു നീതി പുലർത്തുന്ന ഏതെങ്കിലും ജീവനക്കാരൻ ആ സ്ഥാപനത്തിന് എതിരായി റിപ്പോർട്ട് നൽകുമോ. കേരളത്തിലെ മറ്റു ഡിപ്പാർട്മെന്റുകളെ അപേക്ഷിച്ചു സഹകരണ വകുപ്പിലെ 80ശതമാനത്തോളം വരുന്ന ജീവനക്കാർക്ക് വേണ്ട ശമ്പളം സർക്കാരിന് നൽകുന്നത് അതാതു സഹകരണ സ്ഥാപനങ്ങളാണ് അതായതു ഇക്കാര്യത്തിൽ സർക്കാർ ചെയ്യുന്നത് ലേബർ സപ്ലൈ ആണ് , ഏതെങ്കിലും ഒരു ഓഡിറ്റർ തെറ്റ് റിപ്പോർട്ട് ചെയ്യാൻ ശ്രമിച്ചാൽ ഓഡിറ്റ് തത്കാലം വേണ്ട എന്ന് ആ സ്ഥാപനം നിലപാടെടുക്കും, അവർ ആ ജീവനക്കാരന്റെ ശമ്പളം സർക്കാരിൽ അടക്കാൻ തയ്യാറാകത്തത്തോടു കൂടി ആ സ്ഥാപനത്തിലെ തസ്തിക നഷ്ടപ്പെടുന്നു, അടുത്ത മാസം ഓഡിറ്റ് ചെയ്തില്ലെന്ന് വെച്ച് വലിയ കോലാഹലമൊന്നും വരാൻ പോകുന്നില്ല. ആ ജീവനക്കാരൻ വേറെ സ്ഥാപനത്തിലേക്ക് മാറി കഴിയുമ്പോൾ വീണ്ടും തുക അടച്ച ഓഡിറ്റ് ആവശ്യപ്പെടും, വലിയ സഹകരണ സ്ഥാപനങ്ങളിൽ ഗസറ്റഡ് തസ്തികക്ക് മുകളിലുള്ള തസ്തികകളുണ്ട് ആ സഹകരണ സ്ഥാപനം ആ തസ്തികയുടെ ശമ്പളം അടക്കാൻ തയ്യാറായില്ലെങ്കിൽ തസ്തിക നഷ്ടപ്പെടും , ആയതു കൊണ്ട് സഹകരണ വകുപ്പിലെ ജീവനക്കാരും അവരുടെ സംഘടനകളും കള്ളത്തരം റിപ്പോർട്ട് ചെയ്യുന്ന ജീവനക്കാരെ ഒറ്റ തിരിഞ്ഞു ആക്രമിക്കുകയും അവരെ സ്ഥലം മാറ്റുകയോ അപ്രധാന തസ്തികയിലേക്ക് മാറ്റുകയോ ചെയ്യും. അത് കൊണ്ടാണ് കേരളസർവീസ് റൂളിലെ നഗ്നമായ ലംഘനം നടന്നിട്ടും ഒരു ജീവനക്കാരനെതിരെയും നടപടി എടുക്കാത്തത് , പല സോഷ്യൽ മീഡിയകളും നോക്കിയാൽ രാഷ്ട്രീയ പാർട്ടികളുടെ നോട്ടു നിരോധന പ്രതിഷേധ യോഗങ്ങളിലും സഹകരണ വകുപ്പിലെ ജീവനക്കാർ ഇരിക്കുന്ന ഫോട്ടോ കാണാൻ സാധിക്കും,(സഹകരണ വകുപ്പ് എന്നത് സർക്കാർ വകുപ്പാണ്,എന്നാൽ സഹകരണ സ്ഥാപനം എന്ന് പറഞ്ഞാൽ പ്രാദേശിക സംഘങ്ങളാണ്) സഹകരണ സ്ഥാപങ്ങളിലെ ജീവനക്കാർക്ക് രാഷ്ട്രീയ പ്രവർത്തനം നടത്താനുള്ള പരിരക്ഷ നൽകിയിട്ടുണ്ട് , കേരളത്തിലെ മറ്റൊരു വകുപ്പിലെ ജീവനക്കാർക്കും ഇല്ലാത്ത ആനുകൂല്യമെങ്ങനെ  സഹകരണ വകുപ്പിലെ ജീവനക്കാർക്ക് ലഭിച്ചു. പല സഹകരണ സ്ഥാപങ്ങളും ഉധിഷ്ടകാര്യത്തിനു ഉപകാരസ്മരണ പോലെ മിക്ക ഓഡിറ്റോറിസിന്റെയും മകനോ മകൾക്കൊ ഭാര്യാക്കോ സ്വന്തക്കാർക്കോ ജോലി നൽകാറുണ്ട്. അപ്പോൾ നിങ്ങൾ ഈ പറയുന്ന വകുപ്പ് തല ഓഡിറ്റ് എന്ന് പറഞ്ഞാൽ കള്ളന്റെ കയ്യിൽ താക്കോൽ എൽപ്പിക്കുന്ന പോലെയോ ഉള്ളു. മറ്റൊന്ന് എൻഫോഴ്‌സ്‌മെന്റ് ആദായ നികുതി വകുപ്പ് എന്നിവർ പിടിമുറുക്കി റൈഡ് വഴി തെറ്റുകൾ കണ്ടെത്തിയാൽ ഒരു വകുപ്പിനെതിരെ മുഴുവൻ നടപടിയെടുക്കേണ്ടി വരും സർക്കാരിന്. സഹകരണ ആക്ട് അനുസരിച്ചും സംഘത്തിന്റെ നിയമാവലിക്കും വിരുദ്ധമായി സംഘത്തിന്റെ അധികാര പരിധിക്കു പുറത്തു നിന്നുള്ള നിക്ഷേപങ്ങളും ഇടപാടുകളും, കോടികളുടെ നിക്ഷേപങ്ങൾ ഒരേ പേരിലുമുള്ളത് റിപ്പോർട്ട് ചെയ്യാത്തതിന് ആ വകുപ്പ് മറുപടി നൽകേണ്ടി വരും. ഇപ്പോൾ തന്നെ ആദായ നികുതി വകുപ്പ്, സി ബി ഐ , എൻഫോഴ്‌സ്‌മെന്റ് എന്നിവർ സഹകരണ വകുപ്പ് ഡയറക്ടറിന് നോട്ടീസ് നൽകി കഴിഞ്ഞു..
 
       സഹകരണ സ്ഥാപനത്തിൽ വരുന്ന നിക്ഷേപങ്ങളെല്ലാം തന്നെ നികുതി അടച്ച തുകയാണോ എന്ന് പരിശോധിക്കാനെന്തെ നിങ്ങൾ തയ്യാറാകാത്തത് , പാൻ കാർഡ് നല്കുന്നവരിൽ നിന്ന് പോലും അത് വാങ്ങാനെന്തേ നിങ്ങൾ തയ്യാറാകുന്നില്ല ,50000 രൂപയിൽ താഴെയുള്ള യൂണിറ്റുകളായി ഇത്രയധികം നിക്ഷേപങ്ങൾ എങ്ങിനെ വന്നു . നികുതി വെട്ടിക്കാൻ സഹകരണ സ്ഥാപനങ്ങളും കൂട്ട് നിൽക്കുന്നു. സാധാരണ ഗതിയിൽ സഹകരണ സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ വരുന്ന  തുക നികുതി നൽകാത്ത തുകയും , സ്ഥലം വിൽകൂന്ന തുകയും കുഴൽപ്പണം വഴി വരുന്ന വിദേശ പണവും ആണ് . ഒരു പ്രദേശത്തു സാമ്പത്തിക ക്രയവിക്രയം നടക്കുന്നു എന്ന പേരിൽ സർക്കാരിലേക്ക് അടക്കേണ്ട നികുതികൾ അടക്കേണ്ട എന്നാണോ നിങ്ങളുടെ വാദം ?.
 
     സ്ഥലം വില്പനയിൽ കിട്ടുന്ന ഒരു കോടി രൂപ കണക്കിൽ കാണിക്കാത്തത് വഴി സർക്കാരിന് നഷ്ടം ഉണ്ടാകുന്നത് 20 ലക്ഷം രൂപയ്ക്കു മുകളിൽ ആണ്. സംസ്ഥാന സർക്കാരിനെ സംബന്ധിച്ച് ഇത് പോലെയുള്ള തുകകൾ ഉപയോഗിച്ച് എത്രയോ ക്ഷേമ  പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കും. നമ്മുടെ സംസ്ഥാനത്തെ ഏറ്റവും വലിയ നികുതി വരുമാനം സ്റ്റാമ്പ് ഡ്യൂട്ടിയും രെജിസ്ട്രേഷൻ തുകയുമാണ് എന്ന് നമ്മളോർക്കണം.അത് കൂടാതെ ഇവരിൽ നിന്നും ഈടാക്കുന്ന ആദായ നികുതിയിലെ ഒരു വലിയ പങ്കും സംസ്ഥാന സർക്കാരിന് നൽകുന്നുണ്ട്. അപ്പോൾ ഈ നാടിന്റെ വികസനത്തിന് പോലും തടസ്സം നിൽക്കുന്ന കാര്യത്തിൽ നിങ്ങൾ തടസ്സം നിൽക്കുന്നത് എന്തോ നേട്ടം ഉണ്ടായിട്ടല്ലേ. പാലം വന്നാൽ വള്ളം ഊന്നലുകാരന്റെ ജോലി നഷ്ടപ്പെടും എന്നോർത്ത് പാലത്തിനു തടസ്സം നിൽക്കുന്ന പോലെ മാത്രമേ ഇതിനെയും കാണാൻ സാധിക്കൂ,. അല്ല ഇത് പുതിയ നിലപാട് ഒന്നും അല്ലല്ലോ പണ്ട് കമ്പ്യൂട്ടറിനും , ട്രാക്ടറിനു എതിരെ സമരം ചെയ്തപ്പോളും ഈ നിലപാട് ആയിരുന്നല്ലോ .ലോകത് ഏതെങ്കിലും ഭരണ കൂടം നികുതി വെട്ടിപ്പിനു കൂട്ട് നിൽക്കുമോ. കാലങ്ങളായി നടക്കുന്ന നികുതി വെട്ടിപ്പ് തടയുന്നതിന് ഒരവസരം കിട്ടിയപ്പോൾ അത് വിനിയോഗിക്കുകയല്ലേ വേണ്ടത്.നമ്മുടെ നാടിന്റെ സമസ്ത മേഖലകളെയും കാർന്നു തിന്നുന്ന നികുതി വെട്ടിപ്പ് തടയാൻ കിട്ടിയ ഈയവസരം വിനിയോഗിക്കാത്തതിലൂടെ നിങ്ങൾ ഈ നാട്ടിലെ ജനങ്ങളെയാണ് വഞ്ചിക്കുന്നത്. നിങ്ങൾ എത്ര ന്യായീകരിച്ചാലും നികുതി വെട്ടിപ്പിലൂടെ ലഭിക്കുന്ന പണം  സഹകരണ സ്ഥാപനങ്ങളിൽ നിക്ഷേപിക്കുന്ന വിവരം എല്ലാ ജനങ്ങൾക്കും അറിയാവുന്നതാണ്,നാട്ടിൻ പുറങ്ങളിൽ അവർ കാണുന്ന കാര്യമാണത് .മനുഷ്യ ചങ്ങലയും , കാൽനട ജാഥയും നടത്തുന്നതിന് മുൻപ് സാധാരണയിൽ സാധാരണക്കാരായ ജനങ്ങളോട് ഒന്ന് സംസാരിച്ചു നോക്കു.
 
      കേന്ദ്ര സർക്കാരിന് ഇതിൽ വ്യക്തമായ രാഷ്ട്രീയമുണ്ട് ആ രീതിയിൽ ഇതിനെ രാഷ്ട്രീയ വൽക്കരിച്ചതു നമ്മുടെ മുഖ്യമന്ത്രി തന്നെയാണ്. ബീഹാർ മുഖ്യമന്ത്രിയെ ഒന്ന് കണ്ടു പഠിക്കൂ. ബി ജെ പി നേതാക്കളെ മുഴുവൻ കുറ്റം പറയുമ്പോൾ നമ്മുടെ ഭാഗത്തു ന്യായമുണ്ടായിരിക്കണം ഉണ്ടോ ഇല്ലയോ എന്ന് വരും കാലം തെളിയിക്കട്ടെ. കേരളത്തിലെ ബി ജെ പി യെ സംബന്ധിച്ചു അവരുടെ ആരോപണം ശരിയെന്നു തെളിയിക്കേണ്ടത് അവരുടെ ആവശ്യമാണ് അല്ലെങ്കിൽ കേരളത്തിലെ ബി ജെ പി യുടെ ഓട്ടുകൾ നിലവിലുള്ളതിൽ നിന്നും നാലിൽ  ഒന്നെങ്കിലും ആയി തീരും . 
 
    നോട്ടു നിരോധനത്തിന്റെ അന്ന് രാത്രിയിൽ ഒട്ടു മിക്ക സായാഹ്‌ന ശാഖകളും അർത്ഥരാത്രി വരെ പ്രവർത്തിച്ച വിവരം  കേരളത്തിലെ പ്രധാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ്. ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് കടക്കെണിയിലുള്ള കർഷകരുള്ള മേഖലയിൽ പോലും വൻ തോതിൽ പണം സഹകരണ സ്ഥാപനങ്ങളിലുണ്ടെന്നാണ്. കേരളത്തിലെ 2 പ്രധാന മുന്നണികളുടെയും ഏറ്റവും വലിയ ഓട്ടുബാങ്ക് സഹകരണ സ്ഥാപങ്ങളാണ്. എല്ലാ സഹകരണ സ്ഥാപനങ്ങളിലും റൈഡ് നടന്നാൽ പല ജനപ്രതികളും അയോഗ്യരാകാൻ സാധ്യതയുണ്ട് എന്നാണ് ലഭിക്കുന്ന വിവരം മിക്ക രാഷ്ട്രീയ നേതാക്കൾക്കും സഹകരണ സ്ഥാപനങ്ങളിൽ വൻ തോതിൽ നിക്ഷേപമുണ്ട് എന്നാൽ അവർ ഈ വിവരങ്ങൾ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നൽകിയിട്ടില്ല. റൈഡ് കഴിഞ്ഞ തിരുവനതപുരം ജില്ലയിലെ കടകംപിള്ളി സഹകരണ ബാങ്കിൽ നിന്നും പുറത്തു വന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ്, ഒരു മന്ത്രിക്കും യുവജന നേതാവിനും കോടികളുടെ നിക്ഷേപമുണ്ടെന്നാണ് പറഞ്ഞു കേൾക്കുന്നത്. എറണാകുളം ജില്ലയിലെ വ്യവസായ മേഖലയിലുള്ള ബാങ്കിൽ നടന്ന റെയ്‌ഡിൽ ഒരു മുൻ എം എൽ എ യുടെ പേരിൽ കോടികളുടെ നിക്ഷേപമുണ്ടെന്നാണ് പുറത്തു വന്ന വിവരങ്ങൾ .
 
          എന്തായാലും കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾക്കു അഗ്നിശുദ്ധി വരുത്തി ചാരിത്ര്യം തെളിയിക്കാനുള്ള സമയം സംജാതമായിരിക്കുന്നു ,, കാത്തിരുന്നു കാണുക തന്നെ ..

 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED