Karimkunnam Live
Flash News

EDITORS CHOICE

ഓണം വരും , വിഷം വരും. നമുക്ക് നമ്മൾ മാത്രം..

Sep 03, 2016, 15:11 PM IST

img-317690.jpg

 
മലയാളികളുടെ ദേശീയ ഉത്സവമായ ഓണം ഇതാ പടിവാതിൽക്കൽ എത്തിയിരിക്കുന്നു കാർ‍ഷിക വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ് മലയാളിക്ക് ഓണം. എന്നാൽ‍ ഇന്ന് ഓണം എന്ന വാക്ക് മാത്രമേ നമുക്ക് സ്വന്തമായിട്ടുള്ളൂ എന്ന് പറയേണ്ട അവസ്ഥായാണുള്ളത്.
 
രാവിലെ ഉണര്‍ന്നു പല്ല് തേയ്ക്കാൻ ഉപയോഗിക്കുന്നതു വിഷം,  ഒരു പാൽചായയോ കാപ്പിയോ കുടിക്കാമെന്നു വെച്ചാൽ പാലിൽ നിറയെ മായം, വിഷം കുത്തി നിറച്ച പച്ചകറികൾ, കുപ്പി വെള്ളത്തില്‍ മായം,  ഹോട്ടല്‍ ഭക്ഷണം മുഴുവന്‍ മായം , പഴകിയ ഭക്ഷണം, ശവം കേടു കൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മാലിന്‍ തളിച്ച മീന്‍ , മാരകവിഷം കുത്തി വച്ചും പുരട്ടിയും , ഇവയില്‍ വന്നിരിക്കുന്ന ഈച്ച പോലും തല്‍സമയം മരിച്ചു വീഴുന്ന വിഷം തളിച്ച പഴ വര്‍ഗങ്ങള്‍ ജനം വന്‍ വില കൊടുത്തു വാങ്ങി കഴിക്കുന്നു. ജനത്തെ പറ്റികാനായി ഇത്തരം പഴങ്ങളില്‍ ശര്‍ക്കര പാനി കലക്കി ഒഴിച്ച് ഈച്ചയെ ആകര്‍ഷിക്കുന്നു. ഈച്ച ഇരുന്നാല്‍ വിഷം ഇല്ല എന്ന ചിന്ത ജനത്തിനു വരാന്‍ വേണ്ടി പലവിധ കച്ചവട തന്ത്രങ്ങള്‍, ലാഭം കൊയ്യാന്‍, പണക്കാരന്‍ ആകാനുള്ള മോഹത്തില്‍ ഒരു സമൂഹതിനെ ഒന്നായി നിത്യരോഗികളാക്കി മാറ്റി മനുഷ്യന്‍ സമൂഹജീവി അല്ലാതായി മാറി കൊണ്ടിരിക്കുന്നു. ജനം മാരക വിഷം കഴിച്ചു നിത്യ രോഗി ആയി മാറിയാലും ഭരണ സുഖത്തില്‍ മതി മറന്നു കോഴയും പിടിച്ചു പറിയും ആയി മറ്റു ഒന്നിനും സമയം ഇല്ലാതെ ഭരണകര്‍ത്താകള്‍.. ഇവരുടെ ആവശ്യം കുടിയന്‍മാര്‍ കുടിച്ചു പെടുകുന്ന ബാര്‍ നിലവാരം ഉയര്‍ത്തുക, എന്നാൽ നമ്മൾ ഭക്ഷിക്കുന്ന ആഹാര സാധനങ്ങളുടെ നിലവാരം പരിശോധിക്കുവാനും നടപടിയെടുക്കുവാനും ആർക്കും താല്പ്പര്യം ഇല്ല.
 
ഇന്ന് കേരളത്തിന്‌ അവശ്യം ഭക്ഷ്യ സുരക്ഷയല്ല  മറിച്ചു സുരക്ഷിതമായ  ഭക്ഷണമാണ് വേണ്ടത്. മാർക്കറ്റിൽ ഇന്നു ലഭ്യമാക്കുന്ന എല്ലാ ഭക്ഷണപദാർത്ഥങ്ങളിലും മായവും വിഷവും കലർന്നിട്ടുണ്ടന്നു മനസ്സിലാക്കി മരണഭയത്തോടെ തന്നെ അതു മേടിച്ചു കഴിക്കുന്ന ഒരു ജനതയാണ് ഞാനും നിങ്ങളും. ഈ അവസ്ഥയില്‍ ഒരു മാറ്റം കൊണ്ടു വരാൻ  നമ്മുക്ക് ചെയ്യാവുന്നത് നമുക്കാവശ്യമുള്ള പരമാവധി ഭക്ഷണവസ്തുക്കള്‍  നാം  തന്നെ  ഉണ്ടാക്കുക  എന്നതല്ലാതെ മറ്റു കുറുക്കുവഴികള്‍ ഇല്ല . മണ്ണിൽ കൃഷി ചെയ്തു ജീവിക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ മലയാളിക്കു മടിയാണ്. നമ്മുടെ ചുറ്റും ഉള്ള വലുതും ചെറുതുമായ കൃഷി ചെയ്തു ജീവിക്കുന്നവരെ പുച്ഛത്തോടെയാണു മലയാളി നോക്കി കാണുന്നതു. അന്യസംസ്ഥാനങ്ങളിൽ നിന്നു വരുന്ന വിഷം കലർന്ന പച്ചക്കറിയെ പറ്റി ഓർത്തു ആവലാതിപ്പെടാനും, കുറ്റം പറയാനും എന്നാൽ മേടിച്ചു കറിവച്ചു കൂട്ടാൻ ഒരു മടിയുമില്ല. നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതു തമിഴ്നാട്ടിൽ നിന്നും വരുന്ന കറിവേപ്പിലയും പച്ചമുളക്കും ആണന്നും, ഏറ്റവും കൂടുതൽ വിഷം ഉള്ളത് അതിൽ തന്നെയാണന്ന സത്യവും നമുക്ക് അറിയാമായിരുന്നിട്ടും നമ്മൾ അത് വാങ്ങാതിരിക്കുന്നില്ലാ. കാരണം സ്വന്തം പറമ്പിൽ തൂമ്പയെടുത്തു ഒന്നു കിളയ്ക്കാനോ ഒരു തൈ വച്ചു പിടിപ്പിക്കാനോ ഉള്ള മലയാളിയുടെ മടി തന്നെയാണ് തമിഴന്റ് വിജയം. മലയാളിയുടെ ഈ മനോഭാവം മാറാതെ നമ്മുടെ നാടു നന്നാവില്ലാ.
 
കൃഷി ഉപജീവനമാര്‍ഗമായി കണ്ടു ജീവിക്കുന്ന സാധാരണ കൃഷിക്കാരെ പ്രോത്സാഹിപിക്കാതെ ഇനി നമ്മുക്ക് ഇവിടെ നിലനിൽപ്പില്ല. നമ്മുടെ അയൽപക്കങ്ങളിലും അടുക്കള തോട്ടങ്ങളിലും ഉള്ള ചെറുതും വലുതുമായ കൃഷി വിജയിക്കണമെങ്കിൽ, ആ കൃഷിക്കാരുടെ കണ്ണീർ ഒപ്പണമെങ്കിൽ അവന്റെ ഉത്പന്നങ്ങൾ വാങ്ങുകയും, അവനു വിപണി കണ്ടെത്തുവാൻ ഒരു കൈതാങ്ങ് ആവുകയും വേണം. ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കുകയും  ഉത്പാദനത്തിനു വേണ്ടതെല്ലാം സമീപ സ്ഥലങ്ങളിൽ നിന്ന് കാര്യക്ഷമമായി സംഘടിപ്പിച്ചും, കഴിയുന്നത്ര പാഴ്‌ചെലവുകൾ കുറച്ച് നല്ല ഉത്പാദനം നേടുകയും, അവയിൽനിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കി വിപണനം ചെയ്യുകയും വേണം. അങ്ങനെ കൃഷിക്കാരന് പരമാവധി വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട്  ഒരു കൂട്ടം യുവകർഷകർ  ആരംഭിച്ച സംരംഭമാണ് www.Vpani.com.(Online മാർക്കറ്റിങ് ). സ്വന്തം വിളവിന് സ്വയം വില നിശ്ചയിക്കാനുള്ള കര്‍ഷകന്‍റെ അവകാശത്തിനു ഒരു താങ്ങാകാന്‍, തണലാകാന്‍ നമുക്കും www.Vpani.com ഉപയാഗിക്കാം. ഇടത്തട്ടുകാരായ കച്ചവടക്കാരുടെ കടന്നു കയറ്റത്തില്‍ ഏറെക്കുറെ അന്യം നിന്ന് പോയ പഴയ കാല നാട്ടു ചന്തകളുടെ ഒരു പുനരാവിഷ്ക്കാരം. ഇവിടെ ഉല്‍പ്പാദകരും ഉപഭോക്താക്കളും നേരിട്ട് പരസ്പരം സാധനങ്ങള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നു.
 
ഉത്പാദകരെ നേരിട്ട് കാണുന്നതിനാല്‍ ഉപഭോക്താവിന് കൂടുതല്‍ വിശ്വാസം. അവന്റെ ഉത്പന്നങ്ങളുടെ ഗുണവും മേന്മയും മറ്റുള്ളവരിൽ നേരിട്ട് എത്തിക്കുവാൻ ഒരു അവസരം.  അങ്ങനെ ഭക്ഷണത്തെ ആയുധമാക്കികൊണ്ട് നാം ഇന്നു അനുഭവിക്കുന്ന അരോഗ്യ-സാമ്പത്തിക  പ്രതിസന്ധി  ഒരു പരിധി വരെ തരണംചെയ്യാന്‍ ശ്രമിക്കാം .ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുകയും ജൈവ കൃഷി വലിയതോതിൽ‍ ചെയ്യുന്നവരാണ് എറണാകുളം തൃശ്ശൂർ എന്നീ ജില്ലകളിലായി ആരംഭിച്ച ‘ഫാർ‍മേർ‍സ് ഫ്രഷ്‌ സോൺ‍’ ‘അസീസിയ’ തുടങ്ങിയ സംരഭങ്ങൾ‍.  ‘ഫാർ‍മേർ‍സ് ഫ്രഷ്‌ സോൺ’ ഒരു കൂട്ടം വിദ്യാസന്പന്നരായ യുവാക്കൾ‍ ചേർ‍ന്ന് എറണാകുളത്തെ ഇൻഫോ പാർ‍ക്കിൽ‍ നടത്തുന്ന സ്റ്റാർ‍ട്ട്‌ അപ്പ്‌ കന്പനിയാണ്. ബി ടെക്, എം.ബി.എ പഠിച്ചവർ‍ ആണ് ഇതിൽ‍ ഏറിയ പങ്കും. തങ്ങൾ‍ ഉൽ‍പാദിപ്പിക്കുന്ന പച്ചക്കറികൾ‍ നവ മാധ്യമങ്ങൾ‍ വഴി വിറ്റഴിക്കുക എന്ന വിപണ തന്ത്രമാണ് ഇവരുടെ ഏറ്റവും വലിയ വിജയം. മാർ‍ക്കറ്റിങ്ങിന്‍റെ പോരായ്മയാണ് ഇന്നത്തെ പല കൃഷിക്കാരുടെയും പതനത്തിന്‍റെ കാരണം എന്നും തങ്ങൾ‍ ഉണ്ടാക്കുന്ന പച്ചക്കറികൾ‍ക്ക് ന്യായമായ വില ലഭിക്കാത്തത് മൂലമാണ് ഇവർ കൃഷി ഉപേക്ഷിക്കുന്നതെന്നും ഇവർ തിരിച്ചറിഞ്ഞിട്ടുണ്ട്. 
 
നമുക്കും ഈ യുവാക്കളുടെ പാത പിൻതുടരാം , ഈ ഓണം ഒരു വലിയ തുടക്കത്തിന്റെ മുന്നോടിയാകട്ടെയെന്നും വിഷമയമില്ലാത്ത പച്ചക്കറികളും കൃഷി രീതികളും  കാർ‍ഷിക പെരുമയും മലയാളിക്ക്  തിരികെ ലഭിക്കുമെന്ന വിശ്വാസത്തോടേ  എല്ലാവർക്കും ഓണാംശംസകൾ ...    
 
ബിബിന്‍ പോള്‍ അബ്രാഹം
Online Sub-Editor 
News Mill Media Publishing Pvt.Ltd
Cochin.
Chat conversation end
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED