Karimkunnam Live
Flash News

EDITORS CHOICE

എന്താണ് ജിയോ 4ജി ?. കഥയുടെ പിന്നാമ്പുറം ...

Sep 03, 2016, 04:27 AM IST

img-181663.jpg

 
ഇൻഡ്യൻ മാർക്കെറ്റിൽ ഇതു വരെ കണ്ട ഏറ്റവും മനോഹരമായ പ്രൈസിംഗ് കളിയാണ് ജിയൊ.!!
 
അൽപം ചരിത്രം, ജിയൊ എന്നത് മുകേഷ് അമ്പാനി സഹോദരന് കൊടുത്ത ഒരു എട്ടിൻറെ പണിയാണ്. ധിരുബായി അമ്പാനി മരിച്ചപ്പോൾ ഉണ്ടായ കുടുംബ വഴക്കിനെ തുടർന്ന് മുകേഷ് അമ്പാനിക്ക് സഹോദരന് നൽകണ്ട വന്ന കമ്പനിയാണ് റിലയൻസ് കമ്യൂണിക്കേഷൻസ്. റിലയൻസ് കമ്യുണിക്കേഷൻസ് മുകേഷിൻറെ അരുമ ആയിരുന്നു. അത് കൈവിട്ട് പോയി. അന്ന് അനിൽ അമ്പാനിയുമായി മുകേഷ് ഒരു നോണ് കോംപീറ്റ് ധാരണ ഉണ്ടാക്കിയിരുന്നു. 2010 വരെ മൊബൈൽ മേഖലയിൽ റിലയൻസ് കമ്മ്യൂണിക്കേഷൻസ്സിനോട് മത്സരിക്കുന്ന ഉത്പന്നങ്ങൾ മാർക്കെറ്റിൽ ഇറക്കില്ല എന്ന്. 2010 ൽ ആ ഉടംബടിയുടെ കാലാവധി കഴിഞ്ഞു. അന്ന് തൊട്ട് മുകേഷ് അമ്പാനി പ്ലാൻ ചെയ്തിരുന്ന ഒരു സ്വപ്നത്തിൻറെ പരിസമാപ്തിയാണ് "ജിയൊ".
 
മനസ്സിലാക്കണ്ടത് ജിയൊ അനിൽ അമ്പാനിയുടെ റിലയൻസ് കമ്യൂണിക്കേഷൻസ്സിൻറെ ഉത്പന്നമല്ല. മുകേഷ് അമ്പാനിയുടെ സ്വന്തം കമ്പനിയാണത്. 4G സ്പെക്ട്രം ലൈസൻസ് നേടിയെടുത്ത ഇൻഫോടെൽ ബ്രോഡ്ബാൻഡിനെ മുകേഷ് അമ്പാനി വാങ്ങി ജിയൊ എന്ന പേരിൽ അവതരിപ്പിച്ചതാണത്.
 
മൊബൈൽ ദാതാക്കളുടെ സെയിൽസ്സിൽ ജോലി ചെയ്യുന്നവർക്ക് ARPU എന്ന വാക്ക് പരിചിതമായിരിക്കും. Average Returns per User എന്നാണ് ഫുൾ ഫോം. ഇൻഡ്യയിൽ 100 കോടി മൊബൈൽ ഉപഭോക്താക്കളുണ്ട്. അതിൽ 10% പേരെ മൊബൈലിൽ ഇൻറർനെറ്റ് ഉപയോഗിക്കുന്നുള്ളു. ബാക്കിയുള്ളവർ ഫോണ് ഫോണായാണ് ഉപയോഗിക്കുന്നത്. ഫോണ് വിളികൾക്കും, എസ്.എം.എസ് അയക്കാനും മറ്റും. മൊബൈൽ കമ്പനികൾ കാശുണ്ടാക്കുന്നത് ഈ ഫോണ് വിളികൾക്കും, എസ്.എം.എസ്സിനും കാശീടാക്കിയാണ്. ഇൻഡ്യൻ മാർക്കെറ്റിൽ ARPU 150 രൂപയാണ്. അതായത് ഒരു ഉപഭോക്താവിൻറെ കൈയ്യിൽ നിന്നും ആവറേജ് ലഭിക്കുന്ന വരിക്കാശ് 150 രൂപ. മൊബൈൽ കമ്പനികൾക്ക് ലാഭകരമായ വാല്യു ആണ് 150 രൂപ. ഒരു വ്യക്തിയെ സംബന്ധിച്ച് 150 രൂപ ചില്ലിക്കാശാണ്. പക്ഷെ കമ്പനിയുടെ ലാഭം ഈ 150 എന്ന മാജിക് നമ്പറിൽ ആശ്രയിച്ചാണിരിക്കുന്നത്. മൊബൈൽ കമ്പനികളിൽ സെയിൽസ്സിൽ ജോലി ചെയ്യുന്നവർക്ക് ടാർഗെറ്റ് നിശ്ചയിക്കുന്നത് ഈ ARPU value വെച്ചാണ്.
 
149 രൂപയാണ് റിലയൻസ്സിൻറെ പോസ്‌‌റ്റ് പെയിഡ് പ്ലാനിലെ ഏറ്റവും കുറഞ്ഞ താരിഫ്. 149 രൂപ ഒരു മാജിക് നമ്പറല്ല. അത് ലഭിച്ചത് ARPU വാല്യുവിൽ നിന്നാണ്. 150 രൂപ. അപ്പഴും ചോദിക്കും 150 രൂപയല്ലല്ലൊ, 1 രൂപ നഷ്ടമല്ലെ?. അവിടെയാണ് അടുത്ത കളി. ഈ 149 രൂപ 28 ദിവസത്തേയ്‌‌ക്കാണ്. ഈ 28 ഉം മാജിക് നമ്പറല്ല. 365/28 ചെയ്തു നോക്കു. 13 എന്ന് കിട്ടും. അതായത് ഒരു വരിക്കാരൻ 12 മാസമല്ല. 13 മാസമാണ് ബില്ലടയ്‌‌ക്കണ്ടത്. അതായത് ജിയൊ യുടെ ARPU 150 രൂപയല്ല മറിച്ച് 160 രൂപയാണ്.
 
അതായത് മറ്റു മൊബൈൽ കമ്പനികളിൽ നിന്നും ഒരു ചില്ലിക്കാശു പോലും ജിയോയ്‌‌ക്ക് നഷ്ടമില്ല എന്നു മാത്രമല്ല, 10 രുപ വരിക്കാരൻ ഒന്നിന് കൂടുതൽ കിട്ടുകയും ചെയ്യും.
 
ഇനിയാണ് അടുത്ത കളി. വോയിസ് കോളുകളും, എസ്.എം.എസ്സും ജിയൊ യിൽ ഫ്രീ ആണ്. മറ്റ് മൊബൈൽ ദാതാക്കളുടെ കഞ്ഞിയിൽ പാറ്റ ഇടുന്ന ഇടപാടായി ഇത്. അതായത് ഐഡിയ, റിലയൻസ്, വൊഡാഫോണ്, എയർടെൽ മുതലായ കമ്പനികളുടെ ഉത്പന്നങ്ങൾ ഉപയോഗിക്കാൻ വരിക്കാരന് പ്രത്യേകിച്ച് വാല്യു ഒന്നുമില്ല. അവരൊക്കെ കൂടടച്ച് ജിയോ യിലേയ്‌‌ക്കെത്തും. സ്വന്തമായി ഫൈബർ ഒപ്‌‌റ്റിക്സ് നെറ്റ്‌‌വർക് ഇല്ലാത്ത മറ്റ് മൊബൈൽ ദാതാക്കൾക്ക് ജിയൊ നൽകുന്ന പോലെ വോയിസ് കോളുകൾ ഫ്രീ ആയി നൽകാൻ കഴിയില്ല. ജിയൊ യുടെ വോയിസ് കോളുകൾ VOIP വഴി അവരുടെ സ്വന്തം ഫൈബർ നെറ്റ്‌‌വർക്കിലൂടെ സ്വിച്ച് ചെയ്താണ് പോകുന്നത്. മറ്റ് മൊബൈൽ ദാതാക്കൾക്കില്ലാത്തതും ജിയോയ്‌‌ക്കുള്ളതും ഈ ബാക് ബോണ് നെറ്റ്‌‌വർക്കാണ്.
 
ജിയോ യുടെ ക്വാളിറ്റി ഇതു പോലെ തുടരാനായെങ്കിൽ അടുത്ത അഞ്ചു കൊല്ലത്തിൽ ഐഡിയ, വൊഡാഫോണ് മുതലായ മറ്റു ദാതാക്കൾ ജിയോയ്‌‌ക്ക് വിറ്റ് ഇൻഡ്യൻ മാർക്കെറ്റിൽ നിന്ന് പുറത്തു പോകുവേ നിവർത്തിയുള്ളു. ഭാവിയിൽ ജിയൊ യും, ബി.എസ്.എൻ.എൽ ഉം മാത്രമാകും. മൊണോപ്പളി ഒഴിവാക്കാനായി ജിയൊ മറ്റു ചിലരുമായും ധാരണയുണ്ടാക്കുകയും ചെറിയ ചില അപ്പക്കഷ്ണങ്ങൾ നൽകി ചിലരെ മാർക്കെറ്റിൽ തുടരാൻ അനുവദിക്കുകയും ചെയ്തേക്കും. തികച്ചും പോസിറ്റീവ് ആയി മാത്രം ചിന്തിച്ചാൽ, ഇൻഡ്യൻ മൊബൈൽ മേഖലയിലെ ഏറ്റവും ക്രിയേറ്റീവായി ലോഞ്ച് ചെയ്യപ്പെട്ട പ്രോഡക്ടാണ് ജിയൊ. ഇൻഡ്യൻ മൊബൈൽ രംഗം ഉടച്ചു വാർക്കാനുള്ള കപ്പാസിറ്റി ജിയൊയ്‌‌ക്കുണ്ട്.
 
ജിയോയുടെ ലോഞ്ചും ഗംഭീരമായി. പ്രധാനമന്ത്രിയെ തന്നെ പരസ്യത്തിനുപയോഗിച്ചത് വഴി തങ്ങളുടെ പ്രൈസിംഗിൻറെ കളികളും ഭാവി നീക്കങ്ങളെ കുറിച്ചുള്ള ആശങ്കളും, ചോദ്യങ്ങളും അവർക്ക് ഒഴുവാക്കാനായി. എല്ലാവരും മോഡി പരസ്യത്തിൽ പങ്കെടുത്തതിൻറെ മൊറാലിറ്റിയെകുറിച്ചുള്ള ചർച്ചയിലാണ്. അതിങ്ങനെ ഒരു എക്കോ ചേമ്പറിൽ കിടന്ന് മാറ്റൊലി കൊണ്ട് കെട്ടടങ്ങും. ജിയൊ വിദഗ്‌‌ദ്ധമായി തങ്ങളുടെ മാർക്കെറ്റ് ഉണ്ടാക്കി കഴിഞ്ഞു. കളി തുടങ്ങുന്നേ ഉള്ളു . 
 
രഞ്ജിത് മാമ്പിള്ളി.
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED