Karimkunnam Live
Flash News

EDITORS CHOICE

ഭൂതത്താന്‍കെട്ട്: കണ്ടാലും കണ്ടാലും കൊതിതീരാത്ത കാനന സുന്ദരി, ഫെസ്റ്റിന് തുടക്കം ..

Aug 28, 2016, 17:17 PM IST

img-837037.jpg

 
അംബരചുംബികളായ പശ്ചിമഘട്ട നിരകളില് മലകളും താഴ്വരകളും കാടുകളും വന്യമൃഗങ്ങളും ദേശാടന പക്ഷികളും കൊണ്ട് സമൃദ്ധമായ ഭൂതത്താന്കെട്ട്. കണ്ടാലും കണ്ടാലും കൊതിതീരാത്ത വന്യഭംഗി. 
 
നോക്കെത്താ ദൂരത്ത് പച്ചപുതച്ചു നില്ക്കുന്ന താഴ്വരയിലൂടെ ഒരു വെള്ളിയരഞ്ഞാണം പോലെ ഒഴുകുന്ന പെരിയാർ . ഹരിതമലകള് നിറഞ്ഞു നില്ക്കുന്ന അതിവിശാലമായ പ്രകൃതിയുടെ മട്ടുപ്പാവില് മനംകവരുന്ന കാഴ്ചകൾ , സുഖകരമായ കാലാവസ്ഥ ഇതെല്ലാം ഭൂതത്താന്കെട്ടിനു സ്വന്തം. വേനല്ക്കാലവും മഴക്കാലവും ഒരു പോലെ ടൂറിസത്തിന് അനുയോജ്യമായ അപൂര്വ്വ സ്ഥലങ്ങളിലൊന്നാണിവിടം. 
 
പക്ഷി നിരീക്ഷണം, അഡ്വഞ്ചര് ട്രക്കിങ്, വൈല്ഡ് ലൈഫ് ഫോട്ടോഗ്രാഫി, ജലയാത്ര എന്നിവയാണ് ടൂറിസ്റ്റുകളെ ഇവിടേയ്ക്ക് ആകര്ഷിക്കുന്ന പ്രധാന ഘടകങ്ങൾ .  പഴയ ഭൂതത്താന്കെട്ടിലേയ്ക്ക് കാനനപാതയിലൂടെയുള്ള യാത്ര പ്രത്യേക അനുഭൂതി പകരും. ആകാശം മുട്ടി നില്ക്കുന്ന ഉയരത്തിലുള്ള വന് വൃക്ഷങ്ങൾ , ഔഷധസസ്യങ്ങൾ , ഗുഹകൾ , മുനിയറകള് എന്നിവ കാണേണ്ട കാഴ്ചകളാണ്. നിശബ്ദതയ്ക്ക് വിരാമമിട്ട് പക്ഷികളുടെ പാട്ടുകച്ചേരി. നട്ടുച്ചയ്ക്കു പോലും നേരിയ സൂര്യപ്രകാശം മാത്രം അരിച്ചിറങ്ങുന്ന പാതയിലൂടെ മുന്നോട്ടു നീങ്ങുമ്പോള് ദൂരെ നിന്നും കാട്ടാനക്കൂട്ടത്തിന്റെ ചിന്നംവിളിയുടെ മാറ്റൊലി. 
 
പഴയ ഭൂതത്താന് കെട്ടിലെത്തിയാല് വന് പാറക്കൂട്ടങ്ങള്ക്കിടയിലൂടെ ഒഴുകുന്ന പെരിയാറിന്റെ മാസ്മരിക സൗന്ദര്യം ആവോളം നുകരാം. ചൂടിന്റെ കാഠിന്യം കുറയ്ക്കാന് സുരക്ഷിതയിടങ്ങളില് കുളി നടത്താം. മനസ്സിനും ശരീരത്തിനും ഉന്മേഷം പകരും പെരിയാറിലെ ഈ നീരാടൽ . 
 
സ്ഥലനാമം പോലെ ഭൂതത്താന്മാരുമായി ബന്ധം തോന്നിപ്പിക്കുന്നവിധത്തിലുള്ള നേര്ക്കാഴ്ചകളാണ് ഇവിടുത്തെ പാറക്കൂട്ടത്തില് ദൃശ്യമാവുക. പാറക്കൂട്ടത്തിന് മുകളില് നിന്നും നോക്കിയാല് കാട്ടിലെവിടെയോ ഭൂതത്താന് മറഞ്ഞിരിപ്പുണ്ടോയെന്ന് സംശയിച്ചു പോകും. 
 
പെരിയാറിന്റെ ഗതിയെ തടസ്സപ്പെടുത്തുന്ന രീതിയിലാണ് പാറക്കൂട്ടത്തിന്റെ കിടപ്പ്. പാറക്കൂട്ടങ്ങള്ക്കിടയിലെ വലിയ വിടവിലൂടെ നദി ഒഴുകുന്നു. പഴമക്കാര് പറയുന്നത് ഇത് ഭൂതത്താന്മാര് പാറകള് കൊണ്ട് കെട്ടിയുണ്ടാക്കിയതാണെന്നാണ്. നദിക്കു മധ്യേ വലിയ ഒരു പാറ കൂടി സ്ഥാപിച്ചാല് ഒഴുക്ക് നിശ്ചലമാക്കാന് സാധിക്കും. പുഴയുടെ അപ്പുറത്തെ കരയില് പാറക്കെട്ടുകള്ക്കിടയില് ഭീമാകാരനായ ഈ പാറ ഇപ്പോഴും കാണാം. 
 
വേനലില് കാട്ടാനകൂട്ടം വെള്ളം കുടിക്കാനും ജലകേളി നടത്താനുമായി ഇവിടെയെത്താറുണ്ട്. കടുവ, പുലി, കാട്ടുപോത്ത്, മാന്, കരടി തുടങ്ങിയ വന്യജീവികളുടെ ആവാസകേന്ദ്രം കൂടിയാണ് ഭൂതത്താന്കെട്ട് ഉള്പ്പെടുന്ന വന്യസങ്കേതം. 
 
ഭൂതത്താന്കെട്ട് ഡാമിന്റെ മുകളില് നിന്നാല് അങ്ങ് വിദൂരതയില് കൂട്ടിക്കല് കാണാം. ജലയാത്രയിലൂടെയും കരമാര്ഗ്ഗം വനത്തിലൂടെയും ഇവിടെയെത്താം. ബോട്ടില് രണ്ടു കി.മീ സഞ്ചരിച്ചാല് കൂട്ടിക്കലില് എത്തിച്ചേരും. പൂയംകുട്ടിയാറും ഇടമലയാറും ചേര്ന്ന് ഒരു ഭാഗത്തും മറുഭാഗത്ത് പെരിയാറും ഒഴുകിയെത്തി കൂട്ടിക്കലില് ഒന്നാവും. 
 
ഒരു ദ്വീപിന്റെ പ്രതീതി ജനിപ്പിക്കുന്ന ഇവിടം ജലപക്ഷികളുടെ കേളീരംഗവുമാണ്. ഭൂതത്താന്കെട്ട് ഡാമിലൂടെ ഏകദേശം പത്തു കി.മീ ബോട്ടു സവാരി നടത്താം. സവാരിക്കിടയില് ഏഷ്യയിലെ തന്നെ പ്രധാന പക്ഷിസങ്കേതമായ തട്ടേക്കാടും കാണാം. 
 
ഭൂതത്താന്കെട്ടില് ബോട്ടുജെട്ടിയില് നിന്നും തടാകത്തിലൂടെ സഞ്ചരിക്കാന് ഡി.ടി.പി.സി പെഡല്സ്ട്രല് ബോട്ടിങ് സൗകര്യവും ഏര്പ്പെടുത്തിയിട്ടുണ്ട്. വിദൂരഭംഗി ആസ്വദിക്കാന് അഞ്ചോളം ഏറുമാടങ്ങളും ഒരുക്കിയിട്ടുണ്ട്. പുഴത്തീരത്തു കൂടി കുതിര സവാരിക്കും സൗകര്യമുണ്ട്. അതുപോലെ ഡാമിനു സമീപമുള്ള പാര്ക്കില് കുട്ടികള്ക്കും മുതിര്ന്നവര്ക്കും ഒരുപോലെ ഉല്ലസിക്കാന് പൂന്തോപ്പും വാച്ച് ടവറും ഒരുക്കിയിട്ടുണ്ട്.
 
ടൂറിസ്റ്റുകളെ വരവേല്ക്കാന് ഭൂതത്താന് കെട്ടില് ഡി.ടി.പി.സി ഇന്ഫര്മേഷന് സെന്റര് ഏറെ സഹായകരമാണ്. പുഴമീനും കപ്പയും പിടിയും കോഴിക്കറിയും ഉള്പ്പെടെയുള്ള നാടന് വിഭവങ്ങള് അടങ്ങിയ റസ്റ്റോറന്റും ഇവിടെ പ്രവര്ത്തിക്കുന്നുണ്ട്. കോട്ടപ്പടി യിൽ നിന്നും പുതിയ ഹിൽ ഹൈവേ വഴി 8 കിലോമീറ്റർ  ആണ് ഭൂതത്താൻക്കെട്ടിലെക്ക് ..പിണ്ടിമന പഞ്ചായത്തിലാണ് ഭൂതത്താൻക്കെട്ട് സ്ഥിതിചയ്യുന്നത് .
 
ഭൂതത്താന്‍കെട്ടില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന 'ഓണം ഫെസ്റ്റ്' സപ്തംബര്‍ 17, 18 തീയതികളില്‍ വിവിധ പരിപാടികളോടെ നടത്തും. 17ന് തിരുവാതിരകളി, വിവിധ കലാമത്സരങ്ങള്‍, ടൂ വീലര്‍ മഡ് റേസ്, കായിക മത്സരം എന്നിവ ഉണ്ടാകും. 18ന് ഫോര്‍വീല്‍ മഡ് റേസ്, സാംസ്‌കാരിക ഘോഷയാത്ര, സമ്മേളനം, ഗാനമേള എന്നിവയാണ് പ്രധാന പരിപാടികള്‍. ആഘോഷ പരിപാടികളുടെ സ്വാഗതസംഘ രൂപവത്കരണ യോഗം ആന്റണി ജോണ്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം അധ്യക്ഷയായി. ജോയ്‌സ് ജോര്‍ജ് എം.പി, മുന്‍ എം.എല്‍.എ ടി.യു. കുരുവിള, നഗരസഭാ ചെയര്‍പേഴ്‌സണ്‍ മഞ്ജു സിജു, റഷീദ സലിം, ജില്ലാ പഞ്ചായത്ത് അംഗം എം.എം. അബ്ദുള്‍ കരീം എന്നിവര്‍ രക്ഷാധികാരികളാണ്. ആന്റണി ജോണ്‍ എം.എല്‍.എ. ചെയര്‍മാനും ബിജു പി. നായര്‍ കണ്‍വീനറും ആണ്.
 
സനീഷ് കോട്ടപ്പടി .
 
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED