Karimkunnam Live
Flash News

KOTTAPPADY NEWS

കോട്ടപ്പടിയുടെ പിറവിയും സാമൂഹ്യസാംസ്കാരിക ചരിത്രവും പൊതുവിവരങ്ങളും.💐

Oct 31, 2016, 23:52 PM IST

img-142443.jpg

 
പുരാതനകാലം മുതല്‍ തന്നെ തെക്കെ കോട്ടപ്പടി പ്രദേശങ്ങളില്‍ ജനവാസമുണ്ടായിരുന്നതായി സൂചനകളുണ്ട്. എ.ഡി. 1750-ല്‍ മാര്‍ത്താണ്ഡവര്‍മ വടക്കുംകൂര്‍ ആക്രമിച്ച് കീഴ്പ്പെടുത്തുന്നതുവരെ ഈ പ്രദേശത്ത് കോട്ടയില്‍ കര്‍ത്താക്കന്മാര്‍ ആയിരുന്നു ഭരണം നടത്തിയിരുന്നത്. കോലാലി കയറ്റാനും (കൊല്ലുക), കറുത്തേടം കടത്താനും (നാടു കടത്തുക) കര്‍ത്താക്കന്മാര്‍ക്ക് അധികാരമുണ്ടായിരുന്നു. കൊല നടത്തിയിരുന്ന സ്ഥലം കോലാലിമോളം എന്നാണ് ഇന്നും അറിയപ്പെടുന്നത്.
 
1800-നോടടുത്ത് ക്രിസ്ത്യന്‍ കുടുംബങ്ങളും, ടിപ്പുവിന്റെ പടയോട്ടക്കാലത്ത് വടക്കന്‍ മലബാറില്‍നിന്നും ഏതാനും നമ്പൂതിരി കുടുംബങ്ങളും തെക്കെ കോട്ടപ്പടിയില്‍ എത്തി വാസമുറപ്പിക്കുകയുണ്ടായി. അഞ്ചിക്കൈമള്‍മാരില്‍ പ്രധാനിയായ ചേരാനെല്ലൂര്‍ കര്‍ത്തായുമായി ബന്ധമുണ്ടായിരുന്ന കുടുംബക്കാരാണ് താഴശ്ശേരി കോട്ടകര്‍ത്താക്കന്മാര്‍. കോട്ടപ്പടി എന്ന സ്ഥലനാമം ഈ കുടുംബക്കാരുമായി ബന്ധപ്പെട്ടിരിക്കുന്നു. കോട്ടയുടെ പടിയാണ് കോട്ടപ്പടി ആയത്. കോട്ടേകര്‍ത്താക്കന്മാരുടെ മൂലക്ഷേത്രമായ കോട്ടേക്കാവും, ആനവാതില്‍ കോട്ടയും, സൌത്ത് കോട്ടപ്പടിയിലാണ് സ്ഥിതി ചെയ്യുന്നത്. സെന്റ് ഹെബ്രോന്‍ ചര്‍ച്ച്, നാഗഞ്ചേരി സെന്റ് ജോര്‍ജ്ജ് കല്‍ക്കുന്നല്‍ ചര്‍ച്ച്, കോട്ടപ്പടി സെന്റ് മേരീസ് ചര്‍ച്ച്, തോളേലി സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്, കോട്ടപ്പടി സെന്റ് ജോര്‍ജ്ജ് ചര്‍ച്ച്, വടക്കുംഭാഗം ജുമാമസ്ജിദ്,  കോട്ടപ്പടി ജൂമാമസ്ജിദ്, സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച്, കുന്നുകുളങ്ങര ചൊറിയന്‍കാവ് ഭഗവതിക്ഷേത്രം, വടാശ്ശേരി പ്ളാമുടി പരത്തഹാന്‍ ദേവീക്ഷേത്രം, കേളംസ്സായി ക്ഷേത്രം, വാവേലി അയ്യപ്പക്ഷേത്രം, വടക്കുംഭാഗം കോട്ടപ്പാറ അയ്യപ്പക്ഷേത്രം, പന്തയ്ക്കല്‍ ദേവീക്ഷേത്രം, ഉപ്പുകണ്ടം ഹന്തനാര്‍ ക്ഷേത്രം, മുന്തൂര്‍ ആയപ്പാറ ഭഗവതിക്ഷേത്രം, മുല്ലയ്ക്കല്‍ കാവ് ഭഗവതി ക്ഷേത്രം, പാനിപ്രകാവ് കലയാംകുളം ശ്രീഭദ്രകാളി ദേവീക്ഷേത്രം എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങള്‍.
 
ബാപ്പുജി വായനശാലയാണ് ഈ പഞ്ചായത്തിലെ ആദ്യത്തെ വായനശാല. ഹൈന്ദവരും, ക്രൈസ്തവരും, മുസ്ളീങ്ങളും ഒരുപോലെ പ്രതിനിധ്യം ഉള്ള പഞ്ചായത്താണിത്. ആയിരപ്പാറക്കാട്, പാനിപ്പറക്കാവ്, സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്, നാഗഞ്ചേരി ചര്‍ച്ച്, മുസ്ളീം ജുമാമസ്ജിദ് മഠത്തില്‍പടി, പാനിപ്പാറ മുസ്ളീംപള്ളി എന്നിവിടങ്ങളില്‍ നടക്കുന്ന ഉത്സവങ്ങളിലും, പള്ളിപ്പെരുന്നാളിലും, ആണ്ടുനേര്‍ച്ചകളിലും നാനാജാതിമതസ്ഥര്‍ പരസ്പരം സഹായിച്ചും സഹകരിച്ചും പങ്കു ചേരുന്നു. ആരോഗ്യപരിപാലനരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചുവരുന്ന നിരവധി ആശുപത്രികള്‍ പഞ്ചായത്തിലുണ്ട്.  ആയുര്‍വ്വേദ ചികിത്സാകേന്ദ്രങ്ങളും,  ഹോമിയോ ക്ളിനിക്കുകളും ഇവിടെ പ്രവര്‍ത്തിക്കുന്നു. കൂടാതെ അലോപ്പതി ക്ളിനിക്കും, മറ്റ് ആശുപത്രികളും സ്വകാര്യമേഖലയിലും പ്രവര്‍ത്തിക്കുന്നവയുണ്ട്. മെച്ചപ്പെട്ട വിദ്യാഭ്യാസനിലവാരം പുലര്‍ത്തുന്ന പഞ്ചായത്താണ് കോട്ടപ്പടി. 11-ഓളം സര്‍ക്കാര്‍-സര്‍ക്കാരേതര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഞ്ചായത്തിലിന്നുണ്ട്.
 
എറണാകുളം ജില്ലയില്‍ കോതമംഗലം താലൂക്കില്‍ കോതമംഗലം ബ്ളോക്കിലാണ് കോട്ടപ്പടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കോട്ടപ്പടി, തൃക്കാരിയൂര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കോട്ടപ്പടി ഗ്രാമപഞ്ചായത്തിന് 31.94 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് വേങ്ങൂര്‍ പഞ്ചായത്തു, കിഴക്കുഭാഗത്ത് പിണ്ടിമന പഞ്ചായത്തും, തെക്കുഭാഗത്ത് പിണ്ടിമന, നെല്ലിക്കുഴി, അശമന്നൂര്‍ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് വേങ്ങൂര്‍, അശമന്നൂര്‍ പഞ്ചായത്തുകളുമാണ്. 1953-ലാണ് കോട്ടപ്പടി പഞ്ചായത്ത് രൂപീകൃതമായത്. പഞ്ചായത്തിന്റെ മൊത്തം വിസ്തൃതിയുടെ 15% കോട്ടപ്പാറ റിസര്‍വ്വ് വനമാണ്. പഞ്ചായത്തിന്റെ വടക്കുഭാഗത്താണ് കോട്ടപ്പാറ റിസര്‍വ്വ് വനം സ്ഥിതി ചെയ്യുന്നത്.
 
ഇടനാട് ഭൂപ്രകൃതിമേഖലയില്‍പ്പെട്ട കോട്ടപ്പടി പഞ്ചായത്ത് ചെറിയകുന്നുകളും, താഴ്വരകളും നിറഞ്ഞതാണ്. റബ്ബര്‍, തെങ്ങ്, കൊക്കോ, നെല്ല് എന്നിവയാണ് ഇവിടുത്തെ പ്രധാന കൃഷികള്‍. നാഗഞ്ചേരി, പള്ളിമോളം, പൂമോളം, കൊടിഞ്ഞാങ്കുഴിക്കുന്ന്, കല്ലുമലതണ്ട്, നെല്ലിത്തണ്ട് എന്നിവ പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളാണ്. കുത്തനെയുള്ള ചെരിവുകള്‍, ഉയര്‍ന്ന പ്രദേശങ്ങള്‍, ചെറിയ കുന്നുകള്‍, താഴ്വരകള്‍, കുന്നുകള്‍ എന്നിങ്ങനെ തരംതിരിക്കാവുന്നതാണ് ഇവിടുത്തെ ഭൂപ്രദേശം.സംസ്ഥാന പാതയായ S H 59 കടന്നുപോകുന്നത് കോട്ടപ്പടി കൂടിയാണ്. തൊട്ടടുത്തുള്ള പ്രധാന പട്ടണം കോതമംഗലമാണ്.
 
പൊതുവിവരങ്ങള്‍.
 
വിസ്തീര്‍ണ്ണം :31.94ച.കി.മീ.
വാര്‍ഡുകളുടെ എണ്ണം: 13
 
ജനസംഖ്യ :17078
പുരുഷന്‍മാര്‍ :8578
സ്ത്രീകള്‍ :8500
ജനസാന്ദ്രത :480
 
മൊത്തം സാക്ഷരത :86.94
 
Time zone: IST (UTC+5:30) 
 
Elevation / Altitude: 12 meters. Above Seal level 
 
Telephone Code / Std Code:0485 
 
Pin Code : 686695
 
പഞ്ചായത്ത് കോഡ് -684
ഫോണ്‍ നമ്പര്‍-04852843221
ഇമെയില്‍-kottapth@gmail.com
കോതമംഗലം ബ്ലോക്ക്
എറണാകുളം ജില്ല.
Source :lsgkerala.
 
എല്ലാ വായനക്കാർക്കും കോട്ടപ്പടി.കോമിന്റെ കേരളപ്പിറവി ആശംസകള്‍...💐
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED