Karimkunnam Live
Flash News

KOTTAPPADY NEWS

മുട്ടത്തുപാറയുടെ സാംസ്കാരിക ബോധത്തിന്റെ ആത്മാവ് വസിക്കുന്ന ഇടമാണ് ഈ ടെലിവിഷൻ കൂട്.

Oct 10, 2016, 18:52 PM IST

img-897179.jpg

 
കോട്ടപ്പടി : ഒരു നാടിന്റെ സാംസ്കാരിക ബോധത്തിന്റെ ആത്മാവ് വസിക്കുന്ന ഇടമാണ് ഈ കാണുന്ന കുഞ്ഞു കോൺക്രീറ്റ് കെട്ടിടം (അഥവാ ടെലിവിഷൻ കൂട്). ടെലിവിഷൻ അത്രയൊന്നും വ്യാപകമല്ലാത്ത തൊണ്ണൂറുകളുടെ തുടക്കത്തില് ഏതാണ്ട് നൂറുശതമാനവും വളരെ ശരാശരിക്കാരായി ജീവിക്കുന്ന സാഹചര്യം. ഫുടബോൾ ,ചീട്ട് കളി, നായയും പുലിയും കളി എന്നിവ സജീവമായിരുന്ന ഞങ്ങളുടെ ദേശം. പരിസര പ്രദേശത്ത് നിന്നും വ്യത്യസ്ഥമായി മുട്ടത്തുപാറ ഗ്രാമവും, കവലയും നിരവധി കായിക - സാംസാകാരിക ബോധങ്ങളെ ഉള്ളിൽ ആവാഹിച്ചവരായിരുന്നു. ജാതി, മത ചിന്തകൾ ആളുകളെ വേർതിരിക്കാതിരുന്ന ഒരു കാലം തന്നെയായിരുന്നു അത്. ഇറ്റാലിയ 90 എന്ന ലോക കപ്പ് മത്സരങ്ങൾ ജോർജ് ചേട്ടന്റെ ബ്ളാക്ക്& വൈറ്റു 14 ഇഞ്ചു ടി വി യിൽ കണ്ടകാലം ബിഗ് സ്‌ക്രീനിൽ എന്ന പോലെ ഉള്ളിൽ തെളിയുന്നു..
 
1990 നും 94 ഇടയിലുള്ള കാലത്താണ് ഈ ടീവി കൂടാരം ഉയരുന്നത്. BPL - 21'' കളർ ടെലിവിഷൻ നാടിന്റെ പൊതു വിനോദമായി മാറുവാൻ മദ്യം മുതൽ കോഴി വരെ ജനകീയ ലേലം നടത്തിയിട്ടുണ്ട് . ഓണക്കാല മത്സരങ്ങളും, രസ്ന പ്രിന്റേഴ്‌സിൽ അടിച്ച ചുവപ്പും മഞ്ഞയും നിറമുള്ള നോട്ടീസുകളും ഒരു വലിയ തലമുറയുടെ ഓർമ്മക്കുറിപ്പ് പോലെ നിൽക്കുന്നു. 94 ലോക കപ്പിലെ അർദ്ധ രാത്രിക്ക്‌ ശേഷമുള്ള കളികൾ കാണാൻ കോട്ടപ്പടി സെന്റർ,പയ്യാൽ പത്മ ടാകീസുകളിലെ അക്കാലത്തെ സെക്കൻ ഷോകൾ അനവധി കണ്ടു, പൊന്നാപുരം കോട്ടയും, ലങ്കാ ദഹനവും,ഉഴൈപ്പാളിയും തുടങ്ങി അക്കാലത്ത് കണ്ട സിനിമകൾ രാത്രികളികളെ ആഘോഷമാക്കാൻ ഉള്ള വഴികളായിരുന്നു . ജൂൺ മാസത്തിലെ മഴകളത്രയും ഉന്മാദത്തോടെ ആസ്വദിക്കാന് ഈ പൊതു ടെലിവിഷൻ നൽകിയ അവസരം ചെറുതല്ല. കുറേകാലമായി ഇത് ചിതലരിച്ച് കിടക്കുകയായിരുന്നു. എന്നാലിപ്പോൾ പുതിയ എൽ ഇ ഡി ടി വി സ്ഥാപിച്ച് പൂർവ പ്രതാപത്തോടെ പ്രവർത്തിക്കുന്നു. മുട്ടത്തുപാറയുടെ വൈകുന്നേരങ്ങളില് കസേരയിട്ട് അതിനു മുന്നിലിരിക്കുന്ന ഒരു തലമുറയെ ഇപ്പോഴും കാണാം എന്നത് ഏറെ സന്തോഷകരം.
 
Asees AK 
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED