Karimkunnam Live
Flash News

KOTTAPPADY NEWS

എൽ‍ദോമാരുടെ കോതമംഗലം ...

Aug 23, 2016, 22:25 PM IST

img-784021.jpg

 
“എടാ എൽ‍ദോ നിന്നെ സിനിമയിൽ‍ എടുത്തെടാ” എന്ന ഡയലോഗ് ഓർ‍ക്കാത്ത സിനിമാപ്രേമികൾ‍ കുറവായിരിക്കും. മാന്നാർ‍ മത്തായി സ്പീക്കിങ്ങ് എന്ന സിനിമയിൽ‍ കൊച്ചിൻ‍ ഹനീഫ തകർ‍ത്തഭിനയിച്ച കഥാപാത്രത്തിന്‍റെ പേരായിരുന്നു “എൽ‍ദോ”. തുടർ‍ന്നങ്ങോട്ട്‌ നിരവധി കഥാപാത്രങ്ങൾ‍ക്ക് എൽ‍ദോ എന്ന പേര് സ്ഥിരമായി.
 
എൽ‍ദോയെന്ന ഈ പേരിലെ കൗതുകത്തെ കുറിച്ച് നമുക്കൊന്ന് നോക്കാം. ഈ പേരിന്‍റെ പ്രത്യേകതയെന്തെന്ന് അറിയണമെങ്കിൽ എറണാകുളം ജില്ലയിലെ കിഴക്കേ അറ്റമായ ഹൈറേഞ്ചിന്റെ കവാടം എന്നറിയപ്പെടുന്ന  കോതമംഗലത്ത് ചെല്ലണം. ഇവിടെ ചെന്ന് 'എൽ‍ദോ' എന്ന് നീട്ടി വിളിച്ചാൽ‍ വിളി കേൾ‍ക്കാൻ വരുന്നത് ഒന്നോ രണ്ടോ എൽ‍ദോമാരല്ല, മറിച്ച് 10000 ലധികം പേരാണ്. 
 
കോതമംഗലത്തെ പുരാതനമായ ദേവാലയത്തിൽ‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ എൽ‍ദോ മാർ‍ ബസേലിയോസ് ബാവയുടെ ശ്രേഷ്ഠ നാമം ആണ് എൽ‍ദോ അഥവാ ബേസിൽ‍. “പരിശുദ്ധന്‍റെ പേരിട്ടാൽ‍ ആ പേരിന്‍റെ ഉടമയ്ക്ക് ഏതു പ്രതിസന്ധിയെയും ഏതു വിധേനെയും തരണം ചെയ്യുവാൻ‍ സാധിക്കും. ബാവയാണ് ഞങ്ങൾ‍ക്ക് എല്ലാം, കുട്ടികൾ‍ ഇല്ലാത്തവർ‍ക്ക് കുട്ടികൾ‍ ഉണ്ടാകുവാനും രോഗങ്ങളാൽ‍ കഷ്ടപ്പെടുന്നവർ‍ക്കു രോഗശാന്തി ലഭിക്കുവാനും എല്ലാം ബാവയോടു മനമുരുകി പ്രാർ‍ത്ഥിച്ചാൽ‍ സാധിക്കും. ബാവയാണ് ഞങ്ങളുടെ അവസാന വാക്ക്.” എന്ന് സ്വന്തം മകനു ബേസിൽ‍ എന്നു പേരിട്ട ഒരു പിതാവിന്‍റെ മറുപടിയാണ്. ഇതു തന്നെയാണ്  കോതമംഗലത്തെ യാക്കോബായ ക്രിസ്ത്യൻ‍ വീടുകളിൽ‍ ബേസിൽ‍ അല്ലെങ്കിൽ‍ എൽ‍ദോ എന്ന പേരിൽ‍ ഒരാളെങ്കിലും ഉണ്ടാകാനുള്ള കാരണം. കുട്ടികൾ‍ ഇല്ലാത്തവർ‍ക്ക് കുട്ടികൾ‍ ഉണ്ടാകുന്പോഴും പരിശുദ്ധന്‍റെ പേര് നൽ‍കുന്നു. പരിശുദ്ധന്‍റെ നാമം നൽ‍കി ദേവാലയത്തിൽ‍ കുട്ടികളെ മാമോദീസ മുക്കുന്നത്‌ വഴിപാടായി വിശ്വാസികൾ‍ കരുതുന്നതുകൊണ്ടുമാണ് ഇത്രയും ബേസിലും എൽ‍ദോയും കോതമംഗലത്തുള്ളത്.
 
ഒറ്റ ദിവസം 103  മാമോദിസ നടത്തിയ ചരിത്രവും ഈ ദേവാലയത്തിനു ഉണ്ട്. ഇതു തന്നെയാണ് ഇതുവരെയുള്ള റെക്കോർ‍ഡും. ഇടവകയിൽ‍ തന്നെ 5000 ത്തോളം ബേസിൽ‍, എൽ‍ദോ, എൽദോസുമാരുണ്ട്. ഇത് ഈ പള്ളിയിലെ മാത്രം കണക്ക്. പരിസരത്തുള്ള മറ്റു ഇടവകകളിൽ‍ ഏറ്റവും കുറഞ്ഞത്‌ 100 പേരെങ്കിലും ഉണ്ടായിരിക്കും എന്നത് മറ്റൊരു വസ്തുത.
 
2012 ഒക്ടോബർ‍ 28 പരിശുദ്ധന്‍റെ ഓർ‍മ്മ പെരുന്നാളിനോട് അനുബന്ധിച്ചു എൽ‍ദോ ബേസിൽ‍ സംഗമം എന്ന പേരിൽ‍ ഈ പേരുകൾ‍ ഉള്ളവരെ ആദരിക്കുന്ന ചടങ്ങ് നടത്തുകയുണ്ടായി  ഇതിൽ‍ കോതമംഗലത്തുള്ളതും അടുത്ത സ്ഥലങ്ങളിലുള്ളതുമായ 50000 ത്തോളം പേർ‍ പങ്കെടുത്തു. ഇതിൽ‍ 90 വയസ്സുള്ളവർ‍ മുതൽ‍ മാമോദിസ കഴിഞ്ഞ് ഒരു മാസം കഴിഞ്ഞവർ‍ വരെ ഉണ്ടായിരുന്നു.
 
കോതമംഗലം മുനിസിപ്പാലിറ്റിയിൽ‍ ഏകദേശം 25000ത്തോളം എൽ‍ദോ ബേസിൽ‍ എൽ‍ദോസ് മാർ‍ ഉണ്ട് എന്നാണ് കണക്ക്. കൃത്യമായ കണക്കുകൾ‍ ലഭിക്കുമോ എന്നു ചോദിച്ചപ്പോൾ‍ സർ‍ക്കാർ‍/ പള്ളി അധികാരികൾ‍ പറഞ്ഞത് “മുന്നൂറ് വർ‍ഷങ്ങൾ‍ക്കു മുന്‍പുള്ള രേഖകൾ‍ ഇപ്പോൾ‍ എവിടുന്നു ലഭിക്കാനാണെന്നും,  അന്ന് ജനനം/മരണം രജിസ്റ്റർ‍ ചെയ്യാൻ‍ ഇന്നത്തെ പോലെ നിയമമോ സൗകര്യങ്ങളോ ഉണ്ടായിരുന്നോ എന്നു പോലും അറിഞ്ഞുകൂടായെന്നുമാണ്. പത്തുവർ‍ഷം മുന്‍പുള്ള രേഖകൾ‍ നോക്കി ഈ പേരിലുള്ളവരെ കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്.”
 
ഈ പള്ളിയിൽ‍ ആദ്യത്തെ എൽ‍ദോ ബേസിൽ‍ എൽ‍ദോസ് എന്നു മാമോദിസ മുങ്ങി? ഏതു വർ‍ഷമായിരുന്നു? ആരാണ് ആദ്യത്തെ എൽ‍ദോ എന്ന പേരു ലഭിച്ച കോതമംഗലംകാരൻ‍? ഇതെല്ലം ഇന്നും ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി അവശേഷിക്കുന്നു. താളിയോല ഗ്രന്ഥങ്ങളിൽ‍ എഴുതപ്പെട്ട ചരിത്ര എടുകൾ‍ക്ക് കാലക്രമേണ വന്ന നഷ്ടം ഇവിടെയും സംഭവിച്ചു.
 
പരിശുദ്ധന്‍റെ നാമം ആളുകൾ‍ക്കു മാത്രമല്ല കോതമംഗലത്തെ പല സ്ഥാപനങ്ങൾ‍ക്കും, വാഹനങ്ങൾ‍ക്കും, പള്ളിയുടെ കീഴിൽ‍ ഉള്ള ആശുപത്രി സ്കൂൾ‍ കോളേജ് എന്നിവയ്ക്കും ഇടുന്നതു ഐശ്വര്യമായി കരുതുന്നു.
 
എറണകുളം ജില്ലക്കു പുറത്തു ആർ‍ക്കെങ്കിലും എൽ‍ദോ അല്ലെങ്കിൽ‍ ബേസിൽ‍ എന്ന പേരുണ്ടെങ്കിൽ‍ അവർ‍ക്കും കാണും ഒരു കോതമംഗലം കണക്ഷൻ‍.
 
 
ബിബിന്‍ പോള്‍ അബ്രാഹം
ഉപ്പുകണ്ടം , കോട്ടപ്പടി .
Online Sub-Editor 
News Mill Media Publishing Pvt.Ltd
Cochin.
Mob: 9746623617
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED