Karimkunnam Live
Flash News

KOTTAPPADY NEWS

കോട്ടപ്പടി ദേശം കാത്തിരുന്ന ആ സുദിനം നവംബര്‍ 8, 9, 10, 11 തീയതികളില്‍..

Nov 08, 2015, 01:27 AM IST

img-948235.jpg

കോട്ടപ്പടി എന്ന കൊച്ച് ഗ്രാമത്തിലെ പരിശുദ്ധ അന്ത്യോക്യാ സിംഹാസനത്തിന്‍ കീഴിലുള്ള 66 വീട്ടുകാര്‍ സത്യ ദൈവത്തെ ആരാധിക്കാന്‍ ആയി ദേശത്ത് ഒരു ആലയം വേണം എന്ന് അപേക്ഷിച്ചത് അനുസരിച്ച് അങ്കമാലി ഭദ്രാസനത്തിന്‍റെ കാലം ചെയ്ത പുലിക്കോട്ടില്‍ മോര്‍ ദീവന്നാസ്സിയോസ് മെത്രാപ്പോലീത്ത തിരുമനസിലെ 363 ആം അനുവാദ കല്‍പ്പന പ്രകാരം കൊല്ലവര്‍ഷം 1082 (ക്രി.1907) തുലാം മാസം 23 ആം തീയതി വെട്ടുകല്ലില്‍ തീര്‍ത്ത ഒരു കുരിശ് സ്ഥാപിക്കുകയും അതിനോട് ചേര്‍ന്ന് ഒരു ഷെഡ്‌ കെട്ടി പ്രാര്‍ഥിക്കുകയും ചെയ്തിരുന്നു.. അതിനാല്‍ കല്‍ക്കുരിശ് പള്ളി എന്ന പേര് ലഭിച്ചു..കൊല്ലവര്‍ഷം 1083 (ക്രി.1908 ) 4702 ഗവര്‍ന്മെന്റ് ഉത്തരവ് അനുസരിച്ച് ദൈവാലയ നിര്‍മാണത്തിന് ഉള്ള അനുമതി ലഭിച്ചു...
അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത ആയിരുന്ന പരിശുദ്ധനായ ആലുവയിലെ വലിയ തിരുമേനി എഴുനെള്ളി വന്നു താമസിച്ച് പള്ളി നിര്‍മാണത്തിന് നേതൃത്വം നല്‍കുകയും പണി പൂര്‍ത്തീകരിച്ച് ക്രി.1914 തെശ്രീന്‍ ക്ദീം 23 ആം തീയതി പരിശുദ്ധന്‍റെ തൃക്കരങ്ങളാല്‍ മോര്‍ ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ ദൈവാലയം സ്ഥാപിക്കുകയും ചെയ്തു...
പിന്നീട് ഉണ്ടായത് ആരെയും അസൂയപ്പെടുത്തുന്ന ചരിത്രം... നാനാ ജാതി മതസ്ഥര്‍ക്ക് ആലംബം ആയി കല്‍ക്കുരിശ് പള്ളി വന്നതോടെ കോട്ടപ്പടി എന്ന കുഗ്രാമത്തിന്‍റെ മുഖച്ഛായ തന്നെ മാറാന്‍ തുടങ്ങി...വസൂരി പോലെ ഉള്ള മാറാ രോഗങ്ങളുടെയും പൈശാചീക ശക്തികളുടെയും ആവാസ കേന്ദ്രം ആയിരുന്ന , വന്യ മൃഗങ്ങള്‍ മേഞ്ഞ് നടന്നിരുന്ന കോട്ടപ്പടി ജനവാസ യോഗ്യം ആവുകയും ചെയ്തു... കല്‍ക്കുരിശ് പള്ളിയിലെ മണി അടിക്കുന്ന ശബ്ദം കേട്ട് തുടങ്ങിയപ്പോള്‍ പല കുടുംബങ്ങളിലും ഉണ്ടായിരുന്ന പൈശാചീക ഉപദ്രവങ്ങള്‍ ഇല്ലാതായി എന്ന് മുതിര്‍ന്ന തലമുറ സാക്ഷിക്കുന്നു....കല്‍ക്കുരിശ് പള്ളിയിലെ മണിയുടെ ശബ്ദം കേട്ട് തുടങ്ങിയതില്‍ പിന്നെ അത്രയും കാലം കോട്ടപ്പടി ദേശക്കാര്‍ക്ക് പേടി സപ്നം ആയിരുന്ന ' വെള്ളിത്തേര് ' ന്‍റെ ഉപദ്രവം ഇല്ലാതായി എന്ന് കഴിഞ്ഞ തലമുറയില കാര്‍ന്നോന്മാര്‍ പറയുന്നു...
കാലം കടന്ന് പോയി... പരിശുദ്ധ സഭയുടെ അഭിമാനം ആയി കോട്ടപ്പടി ദേശത്തിന്‍റെ ആശ്രയം ആയി കല്‍ക്കുരിശ് പള്ളി വളര്‍ന്നു..പള്ളിയുടെ കീഴില്‍ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുകയും അവയെല്ലാം സംസ്ഥാനത്തെ തന്നെ മികച്ച വിദ്യാലയങ്ങള്‍ എന്ന നിലയിലേക്ക് എത്തുകയും ചെയ്തു.. 66 കുടുംബങ്ങള്‍ എന്ന നിലയില്‍ നിന്നും 600 ന് മുകളില്‍ കുടുംബങ്ങള്‍ എന്ന നിലയിലേക്ക് വളര്‍ന്നു...
നിലവിലെ പള്ളിയിലെ സ്ഥല പരിമിതി മൂലം ഉള്ള ബുദ്ധിമുട്ടുകള്‍ മനസിലാക്കിയ ഇടവക പൊതുയോഗം പള്ളി പൊളിച്ച് പണിയണം എന്ന് ഭദ്രാസന മെത്രാപ്പോലീത്ത ആയ ശ്രേഷ്ഠ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവായുടെ അടുക്കല്‍ അപേക്ഷിക്കുകയും ശ്രേഷ്ഠ ബാവ തിരുമേനി അതിന് അനുവാദ കല്‍പ്പന തരുകയും , 2012 നവംബര്‍ 9 ആം തീയതി മലങ്കരയുടെ യാകോബ് ബുര്‍ദാന ശ്രേഷ്ഠ ബസേലിയോസ് തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാവയും , പരി.എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്ക്രട്ടറി അഭി.ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ് തിരുമേനിയും , കോതമംഗലം മേഖലാ മെത്രാപ്പോലീത്ത അഭി.കുരിയാക്കോസ് മോര്‍ യൗസേബിയോസ് തിരുമേനിയും ചേര്‍ന്ന് പള്ളി പുനര്‍നിര്‍മ്മാണത്തിന് അടിസ്ഥാന ശിലയിടുകയും ചെയ്തു...
ജാതി മത വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസം ഇല്ലാതെ ഒരു ദേശം മുഴുവന്‍ ഒരു മനസോടെ നടത്തിയ കഠിനാധ്വാനം അതിന്‍റെ പരിസമാപ്തിയില്‍ എത്തി നില്‍ക്കുമ്പോള്‍ അങ്കമാലി ഭദ്രാസനത്തിലെ എന്നല്ല ആകമാന സുറിയാനി സഭയിലെ തന്നെ ഏറ്റവും മനോഹരമായ പള്ളിയുടെ പുനര്‍നിര്‍മാണം പൂര്‍ത്തിയായി...  പുനര്‍നിര്‍മാണം പൂര്‍ത്തിയായ പള്ളി ശ്രേഷ്ഠ ബാവായുടെയും അഭി.പിതാക്കന്മാരുടെയും തൃക്കരങ്ങാല്‍ വി.മൂറോനാല്‍ അഭിഷേകം ചെയ്തു കൂദാശ ചെയ്ത് സര്‍വ്വ ശക്തനായ ദൈവത്തിന് സമര്‍പ്പിക്കുമ്പോള്‍ ഒരു തലമുറയുടെ പ്രാര്‍ത്ഥനകളും പ്രതീക്ഷകളും കൂടെ ആണ് ദൈവത്തിന് സമര്‍പ്പിക്കുന്നത്....
സ്ഥാപന ദിവസം മുതല്‍ എക്കാലവും ഈ ഇടവക പരിശുദ്ധ അന്ത്യോക്യാ സിംഹാസനത്തിന്‍ കീഴില്‍ അടിയുറച്ച് നിലനില്‍ക്കുന്നു..കോതമംഗലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ഇടവക ഭരണഘടന അനുസരിചാണ് ഇടവക ഭരിക്കപ്പെടുന്നത്..ഇടവക ഭരണഘടനയുടെ ഒന്നാം വകുപ്പില്‍ പറഞ്ഞിരിക്കുന്ന " പരിശുദ്ധ അന്ത്യോക്യാ പാത്രിയര്‍ക്കീസിന്‍റെ കല്‍പ്പനകള്‍ക്കും , ചൊല്ലുവിളികള്‍ക്കും വിദേയപ്പെട്ടു ഭരിക്കപ്പെടെണ്ടതിനും ...... സിംഹാസനത്തിന്‍റെ കല്‍പ്പനകളെ ചോദ്യം ചെയ്യാതെ അനുസരിക്കുന്നവര്‍ക്കും വേണ്ടി പള്ളി സ്ഥാപിച്ചു എന്നും പരിശുദ്ധ സിംഹാസനത്തിന്‍റെ കല്പ്പനകള്‍ക്ക് വിരുദ്ധം ആയി പ്രവര്‍ത്തിക്കുകയോ , പെരുമാറുകയോ , പ്രചരിപ്പിക്കുകയോ ചെയ്യുന്ന ഏതു സ്ഥാനിക്കും ഈ ഇടവകയിന്മേല്‍ ഉള്ള അധികാരം , ചുമതല , അംഗത്വം എന്നിവ സ്വമേധയാ നഷ്ടമാകുന്നതാണ് " എന്നുള്ളത് ഈ ഇടവകയുടെ സ്ഥാപനോധേശവും ഈ ഇടവകക്ക് പരിശുദ്ധ സഭയോടുള്ള കൂറും വിധേയത്വവും വിളിച്ചറിയിക്കുന്നു.....
കോട്ടപ്പടി ദേശത്ത് സത്യ സുറിയാനി സഭക്ക് ഒരു ആരാധനാലയം ഉണ്ടാവുന്നതിന് വേണ്ടി കഷ്ടപ്പെട്ട മുന്‍ തലമുറയിലെ പിതാക്കന്മാരെ ഈ അവസരത്തില്‍ ഓര്‍ക്കുന്നു....
പരിശുദ്ധ കന്യക മറിയാം അമ്മയുടെയും , ഇടവകയുടെ കാവല്‍ പിതാവായ മോര്‍ ഗീവര്‍ഗീസ് സഹാദായുടെയും ,മോര്‍ യൂഹാനോന്‍ മംദോനോ യുടെയും , പള്ളിയില്‍ തിരുശേഷിപ്പ് സ്ഥാപിക്കപ്പെട്ടിട്ടുള്ള മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെയും , ദേശത്ത് ആരാധനാലയം പണിയുന്നതിന് നേത്രുതം നല്‍കിയ പരിശുദ്ധനായ ആലുവയിലെ വലിയ തിരുമേനിയുടെയും മധ്യസ്ഥതയില്‍ അഭായപ്പെട്ടു കൊണ്ട് നവംബര്‍ 8,9,10 ,11 തീയതികളില്‍ നടക്കുന്ന വിശുദ്ധ മൂറോന്‍ അഭിഷേക കൂദാശക്കും പ്രധാന പെരുനാളിനും എല്ലാവരെയും സ്വാഗതം ചെയ്യുന്നു....
 
 
TONEY KORAH KOTTAPPADY.
 
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED